Sunday, January 22, 2017



മൃച്ഛകടികം (സംസ്കൃതരൂപകം )
ഒമ്പതാം ക്ലാസിലെ സംസ്കതാധ്യാപകര്‍ക്കു വേണ്ടി പ്രസിദ്ധീകരിക്കുന്നത്.
മൃത്ത് = മണ്ണ്, ശകടികാ = ചെറിയവണ്ടി (കളിവണ്ടി). മൃച്ഛകടികത്തിലെ സുപ്രധാനമായ രംഗമാണ് ചാരുദത്തന്‍റെ പുത്രന്‍ മൺവണ്ടി കൊണ്ടു കളിക്കുന്നത്.
ഈ രൂപകത്തിന്റെ രചയിതാവു ശൂദ്രകൻ ആണ്. ഇതിന്റെ രചനാകാലം ബി.സി-2 എന്നു കരുതുന്നു. മറ്റ് പ്രാചീനരായ എഴുത്തുകാരെയും പൊലെ ശൂദ്രകന്റെ കാലവും വ്യക്തമല്ല. ആരഭി വംശത്തിലെരാജകുമാരനായ ശിവദത്തനാണ് ശൂദ്രകനെന്ന ഒരു വാദമുണ്ട്. ശുദ്രകൻ എന്നതു വ്യാജമായ ഒരു പേരാകുവാനും സാധ്യത ഉണ്ടെന്നും ചില പണ്ഡിതർ കരുതുന്നു. രാജഭരണത്തെ വിമർശിക്കുന്നഒരു കൃതി ആണെന്നതിലാകാം ഇത്തരമൊരു വാദം. ശതവാഹന വംശത്തിന്റെ സ്താപകനായ ശിമുകൻ ആണ് ശുദ്രകൻ ആണെന്ന വാദവും നിലനിൽക്കുന്നു. എന്നാൽ ഭാസൻ തന്നെയാണു ശുദ്രകൻ എന്നുള്ള വിചിത്രമായ തർക്കവും രംഗത്തുണ്ട്. ഭാസന്റെ നാടകമായ ചാരുദത്തവും മൃച്ചകടീകവുമായുള്ള ആദ്യ അങ്കങ്ങളിലെ സാമ്യമാകാം ഇതിനു കാരണം. എന്നാൽ ഈ വാദത്തിനു അധീകം അംഗീകാരം കിട്ടിയിട്ടില്ല.
(ഏഴാമങ്കം )
ചാരുദത്തനും മൈത്രേയനും പ്രവേശിക്കുന്നു
വിദൂഷകൻ: നോക്കൂ നോക്കൂ പുഷ്പകരണ്ഡകോദ്യാനത്തിന്റെ ശ്രീത്വം നോക്കൂ
ചാരുദത്തൻ: അത് ശരിയാണ് സുഹൃത്തെ. കാരണം, വണിക്കുകളെ പോലെ വൃക്ഷങ്ങൾ അവയുടെ പൂക്കളെ വിരിയിച്ച് കാണിക്കുന്നു. വണ്ടുകളാകട്ടെ നികുതിപിരിയ്ക്കുന്നവരെ പോലെ കറങ്ങി നടക്കുന്നു.
വിദൂഷകൻ: സുഹൃത്തേ താങ്കൾ ഈ ഭംഗിയുള്ള പാറമേൽ ഇരുന്നാലും.
ചാരുദത്തൻ: (ഇരുന്നുകൊണ്ട്) സുഹൃത്തേ വർദ്ധമാനകൻ വൈകുന്നുവല്ലൊ.
വിദൂഷകൻ:ഞാൻ വർദ്ധമാനകനോട്, വസന്തസേനയേയും കൊണ്ട് വേഗം വരാൻ തന്നെയാണ് പറഞ്ഞിരിക്കുന്നത്
ചാരുദത്തൻ: പിന്നെന്താണവൻ വൈകുന്നത്? അവന്റെ വണ്ടിയ്ക്കുമുന്നിൽ ഇനി വൈക്കോൽ വണ്ടി വല്ലതും ഉണ്ടോ?(വഴിതടസ്സം സൃഷ്ടിച്ച് മെല്ലെ മെല്ലെ പോകുന്നതാണല്ലൊ വയ്ക്കോൽ വണ്ടികൾ) ഇനി വണ്ടിച്ചക്രങ്ങൾക്ക് എന്തെങ്കിലും പറ്റിയൊ? മൂക്കുകയർ പൊട്ടിക്കാണുമോ? അതുമല്ലെങ്കിൽ വഴിയിൽ വല്ല മരങ്ങളും വീണ് തടസ്സം സൃഷ്ടിച്ചതിനാൽ മറ്റ് വല്ല വഴിക്കുമാണോ അവൻ വരുന്നത്? അതോ ഇനി മെല്ലെമെല്ലെ കാളകളെ തെളിച്ച് അവനവന്റെ ഇഷ്ടം പോലെ സാവധാനം അവൻ വരുകയാണോ? എന്തിനാണവൻ ഇത്ര വൈകിയ്ക്കുന്നത്?
(ഒളിച്ച ആര്യകനേയും വഹിച്ച് വണ്ടിയോടെ വർദ്ധമാനകൻ പ്രവേശിക്കുന്നു.)
വർദ്ധമാനകൻ: നട കാളേ.. നട നട
ആര്യകൻ:(ആത്മഗതം) രാജസേവകരാൽ കണ്ട് പിടിക്കപ്പെടുമോ എന്ന് അത്യന്തം പേടിച്ച്, കാലിൽ ചങ്ങല കാരണം ഓടാൻ കഴിയാതെ, കാക്കക്കൂട്ടിൽ വളരുന്ന കുയിലിനെ പോലെ ഞാൻ സാധു ചാരുദത്തന്റെ വണ്ടിയിൽ ഒളിഞ്ഞ് പോകുന്നു.
ഓ! നഗരത്തിൽ നിന്നും കുറേ ദൂരം പോന്നിരിക്കുന്നു. അതിനാൽ ഈ വണ്ടിയിൽ നിന്നും ഇറങ്ങി വൃക്ഷങ്ങൾക്കിടയിലൂടെ രക്ഷപ്പെടണോ? അതോ വണ്ടിയുടമ ചാരുദത്തനെ കാണണോ? അല്ലെങ്കിൽ ഈ വൃക്ഷക്കൂട്ടത്തിനിടയിലൂടെ രക്ഷപ്പെടുക എന്നത് വ്യർത്ഥമാകാം. ആര്യ ചാരുദത്തനെ ശരണം പ്രാപിച്ചാൽ അദ്ദേഹം രക്ഷിച്ചുകൊള്ളും. അതിനാൽ അദ്ദേഹത്തെ കാണുകതന്നെ നല്ലത്.
ചാരുദത്തൻ, ആപത്‌സമുദ്രത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന എന്നെ കണ്ടാൽ, സന്തോഷിച്ച് എന്നെ രക്ഷപ്പെടാൻ സഹായിക്കും. അദേഹത്തിന്റെ ഗുണംകൊണ്ടാണ് ഈ ദേഹം എനിക്ക് തിരിച്ച് കിട്ടിയത് എന്ന് ഞാൻ ഓർക്കുകയും ചെയ്യും.
വർദ്ധമാനകൻ: ഇതാ ആ ഉദ്യാനം എത്തിപ്പോയി. (സമീപം ചെന്ന്) ആര്യ മൈത്രേയാ.
വിദൂഷകൻ:തോഴരേ തോഴരേ.. സന്തോഷിക്കൂ നല്ല വാർത്ത. വർദ്ധമാനകൻ വിളിക്കുന്നു. വസന്തസേന വന്നിട്ടുണ്ടാകും.
ചാരുദത്തൻ:സന്തോഷം.. എനിക്ക് സന്തോഷം. ആയി.
വിദൂഷകൻ:എടാ ശുംഭാ എന്താണിത്ര വൈകിയത്?
വർദ്ധമാനകൻ: ആര്യ മൈത്രേയാ, ദേഷ്യപ്പെടരുത്. വണ്ടിയുടെ വിതാനം എടുക്കാൻ മറന്നു പോയി. അത് എടുത്തുകൊണ്ട് വരാൻ പോയതിനാൽ അൽപ്പം വൈകിയതാണ്.
ചാരുദത്തൻ: വർദ്ധമാനകൻ, വണ്ടി തിരിച്ചിടൂ. മൈത്രേയാ, വസന്തസേനയെ ഇറക്കിക്കൊണ്ട് വരൂ.
വിദൂഷകൻ: എന്താ അവളുടെ കാലുകൾ ചങ്ങലയ്ക്കിട്ടിരിക്കുന്നുവോ? തന്നത്താനെ ഇറങ്ങി വന്നൂടെ അവൾക്ക്? (എഴുന്നേറ്റ് വണ്ടിയിൽ നോക്കി) അയ്യോ ഇത് വസന്തസേനയല്ല. മറിച്ച് വസന്തസേനൻ ആണല്ലൊ.
ചാരുദതതൻ: കളിയാക്കരുത് തോഴരേ. സ്നേഹകാലത്ത് കാലതാമസം പൊറുക്കില്ല. അതിനാൽ ഞാൻ സ്വയം അവളെ ഇറക്കിക്കൊണ്ട് വരാം. (ഇതും പറഞ്ഞ് എഴുന്നേൽക്കുന്നു)
ആര്യകൻ:(കണ്ടിട്ട്) ആഹാ ഇതാ ഈ വണ്ടിയുടെ ഉടമ. കേൾക്കുന്ന പോലെ തന്നെ കാണുവാനും സുന്ദരൻ. ഇവൻ എന്നെ രക്ഷിക്കും
ചാരുദത്തൻ:(വണ്ടിയിൽ കയറി നോക്കി) അയ്യോ ഇതാരാണ്? ആനയുടെ തുമ്പിക്കൈ പോലെ നീളമുള്ള കൈകൾ, സിംഹത്തെ പോലെ ഗംഭീരത തോന്നിക്കുന്ന മുഖം, വിശാലമായ മാറിടം, താമ്രപർണ്ണനിറമുള്ള വിശാലമായ കണ്ണുകൾ, ഇപ്രകാരം കണ്ടാൽ തന്നെ കേമനായി തോന്നിക്കുന്ന ഇദ്ദേഹത്തിനു എന്തേ ഇങ്ങനെ കാലിൽ ചങ്ങല വന്നു? പറയൂ, താങ്കൾ ആരാണ്?
ആര്യകൻ: ശരണാഗതനാണ്, ഇടയൻ ആര്യകനാണ് ഞാൻ.
ചാരുദത്തൻ:പാലക രാജാവ് ഇടയത്തെരുവിൽ നിന്നും പിടിച്ച് കൊണ്ട് വന്ന് തടവറയിലിട്ട ആൾ തന്നെ ആണോ?
ആര്യകൻ: അതേ.. ആ ആര്യകൻ തന്നെ
ചാരുദത്തൻ: ഭാഗ്യവശാൽ മാത്രമാണ് താങ്കൾ എന്റെ മുന്നിൽ വന്ന് പെട്ടിരിക്കുന്നത്. ശരണാഗതനായി വന്നവനെ ഞാൻ എന്റെ പ്രാണൻ വെടിഞ്ഞാലും രക്ഷിക്കുക തന്നെ ചെയ്യും.
(ആര്യകൻ സന്തോഷം കാണിക്കുന്നു)
ചാരുദത്തൻ:വർദ്ധമാനകാ, കാലിലെ ആ ചങ്ങല ഊരിമാറ്റൂ
വർദ്ധമാനകൻ: ആജ്ഞ പോലെ. (ആര്യകന്റെ കാലിലെ ചങ്ങല അഴിച്ച് മാറ്റി) ചങ്ങല ഊരിക്കളഞ്ഞു.
ആര്യകൻ:പകരം സ്നേഹബന്ധത്തിന്റെ ചങ്ങലയാൽ ബന്ധിച്ചിരിക്കുന്നു
വിദൂഷകൻ:(ചാരുദത്തന്റെ കാലുകളിൽ) ഈ ചങ്ങല ഇടൂ. അദ്ദേഹം ഇപ്പോൾ തികച്ചും സ്വതന്ത്രനായി. ഇനി നമുക്ക് തടവറയിലേക്ക് പോകാം.
ചാരുദത്തൻ:ച്ഛേ.. അനാവശ്യം പറയാതെ. ശാന്തമായി ഇരിക്കൂ
ആര്യകൻ: സ്നേഹിതാ ചാരുദത്താ ഞാനും സ്നേഹം കൊണ്ട് തന്നെ ആണ് ഈ വണ്ടിയിൽ കയറിയത്. താങ്കൾ എന്നോട് ക്ഷമിക്കണം.
ചാരുദത്തൻ: എന്റെ വണ്ടിയിൽ വരാനുള്ള സ്നേഹം താങ്കൾ കാണിച്ചതിൽ ഞാൻ സന്തോഷവാനാണ്.
ആര്യകൻ: അങ്ങയുടെ ആജ്ഞാനുസൃതം ഞാൻ പോകാൻ ആഗ്രഹിക്കുന്നു.
ചാരുദത്തൻ: അങ്ങനെ ആയിക്കോട്ടെ. പോയ്ക്കോളൂ.
ആര്യകൻ: എന്നാലിറങ്ങട്ടെ.
ചാരുദത്തൻ: മിത്രമേ, ഇറങ്ങരുത്. ഇപ്പോളല്ലെ ചങ്ങലയുടെ ഭാരം ഒഴിഞ്ഞത്. എന്നിരുന്നാലും താങ്കൾക്ക് പെട്ടെന്ന് നടക്കാൻ കഴിയില്ല. രാജസേവകർ ധാരാളം വന്നുപോയിക്കൊണ്ടിരിക്കുന്ന ഈ പ്രദേശത്ത് എന്റെ വാഹനം വിശ്വാസം ജനിപ്പിക്കും. അതിനാൽ ഈ വണ്ടിയിൽ തന്നെ പോയ്ക്കൊള്ളൂ.
ആര്യകൻ: അങ്ങയുടെ ആജ്ഞ പോലെ.
ചാരുദത്തൻ:കുശലപൂർവ്വം യാത്രചെയ്ത് ബന്ധുജനങ്ങളുടെ അടുത്ത് എത്തൂ
ആര്യകൻ:തീർച്ചയായും അങ്ങ് എന്റെ ബന്ധുവായി വന്നു
ചാരുദത്തൻ:വരുംകാലങ്ങളിൽ എന്നെ കൂടെ ഓർക്കുക
ആര്യകൻ: അവനവനെ മറക്കില്ലല്ലൊ?
ചാരുദത്തൻ: പോകുംവഴി താങ്കളുടെ രക്ഷ, ദേവതകൾ ചെയ്യട്ടെ.
ആര്യകൻ: എന്റെ രക്ഷ താങ്കൾ തന്നെ ചെയ്തല്ലൊ.
ചാരുദത്തൻ: താങ്കൾ ഭാഗ്യം കൊണ്ട് സുരക്ഷിതനാണ്
ആര്യകൻ: പ്രിയസുഹൃത്തേ, അതിനും കാരണക്കാരൻ താങ്കളാണ്.
ചാരുദത്തൻ:പാലകരാജാവ് താങ്കളെ പിടികൂടുന്നതിനായി ശ്രമിക്കുന്നതിനാൽ താങ്കൾ സുരക്ഷിതനല്ല. അതിനാൽ പെട്ടെന്ന് തന്നെ പൊയ്ക്കോളൂ.
ആര്യകൻ: ശരി തന്നെ. വീണ്ടും കാണുന്നത് വരെ വണക്കം
(ഇതും പറഞ്ഞ് പോകുന്നു)
ചാരുദത്തൻ:പാലകരാജാവിനോട് ആര്യകനെ രക്ഷിക്കുക എന്ന വലിയ അപരാധം ചെയ്ത് ഇവിടെ നിൽക്കുന്നത് ഒട്ടും ശരിയല്ല. ഹേ മൈത്രേയാ, ഈ ചങ്ങല ആ പൊട്ടക്കിണറ്റിൽ ഇടൂ. ചാരന്മാർ നിറയെ ഉള്ളതാണ്. അവർ കാണരുത്.
(ഇടം കണ്ണ് തുടിയ്ക്കുന്നതായി സൂചിപ്പിച്ച്) മിത്ര മൈത്രേയാ, ഞാൻ വസന്തസേനയെ കാണാൻ കൊതിക്കുന്നു. നോക്കൂ
ഇന്ന് പ്രാണപ്രേയസി വസന്തസേനയെ കാണാൻ സാധിക്കാത്ത എന്റെ ഇടം കണ്ണ് തുടിയ്ക്കുന്നു. ഒരു കാരണവും കൂടാതെ ഭയം കൊണ്ട് എന്റെ ഹൃദയം വ്യഥ കൊള്ളുന്നു.
ആയതുകൊണ്ട് വരൂ നമുക്ക് പോകാം. (ചുറ്റിനടന്ന്) അയ്യോ ബുദ്ധസംന്യാസി എതിരേ വരുന്നു. ഇത് അശ്രീകരസൂചകമാണല്ലൊ. അയാളീ വഴി വന്നോട്ടെ നമുക്ക് മറ്റേ വഴി പോകാം. വരൂ.
(എന്നും പറഞ്ഞ് എല്ലാവരും പോകുന്നു.)
ഇപ്രകാരം മൃച്ഛകടികത്തിലെ ആര്യകാപഹരണം എന്ന ഏഴാമങ്കം സമാപിച്ചു.
(കടപ്പാട്
സുനില്‍ മുതുകുറിശ്ശി മന)


1 comment:

  1. ഇങ്ങനെ എന്റെ പ്രസൻസ് ഇവിടെ ഉണ്ട് എന്നത് എനിക്കറിയില്ലായിരുന്നു. താങ്ക്സ്... ഫുൾ ടെക്സ്റ്റ് ആർകീവ് ഡോട്ട് ഓർഗിൽ ലഭ്യമാണ് പിഡിഎഫ് ആയിട്ട്.

    ReplyDelete