Short Stories ചെറുകഥകള്‍



ലോകാവസാനത്തിലെ പെണ്‍കുട്ടി
   (കഥ)
നിത്യശ്രീ നവനീത് & സുദേവ്


എന്തോ ഒരു ശബ്ദം കേട്ടതു പോലെ എനിക്കു തോന്നി. കിടക്കയില്‍ കിടന്ന ഞാൻ ഉറക്കച്ചടവോടെ എഴുന്നേറ്റു. ശബ്ദം കേട്ടതു പുറത്ത് നിന്ന് ആയിരിക്കാം എന്ന ധാരണയിൽ ഞാൻ ജനലിനടുത്തേക്ക് നീങ്ങി. ജനലിലൂടെ നോക്കിയപ്പോൾ വലിയ തിരമാലകൾ എന്നെ ലക്ഷ്യമാക്കി വരുന്നു. അതെ, അവ സുനാമിത്തിരമാലകള്‍ തന്നെയാണ്. ടീച്ചര്‍ ക്ലാസിൽ പഠിപ്പിച്ച അതേ സുനാമിത്തിരമാലകൾ. ഞാന്‍ ഉടനെ ജനവാതില്‍ അടച്ചു.
അമ്മ പറഞ്ഞു മോളേ എല്ലാ ദിക്കിലും വെള്ളമാണ്, നീ അങ്ങിങ്ങ് ഓടി നടക്കാതെ ഒരിടത്തു അടങ്ങി നില്‍ക്കണം. പെട്ടെന്നാണ് ഫോൺ ബെൽ അടിച്ചത്. ഞാൻ ഓടിച്ചെന്ന് ഫോൺ എടുത്തപ്പോൾ തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന എന്‍റെ കൂട്ടുകാരി വിദ്യയായിരുന്നു.
നിത്തൂ, (എന്നെ അവള്‍ അങ്ങിനെയാണ് വിളിക്കാറ്, ഞാന്‍ അവളെ വിദ്ദൂ എന്നും വിളിക്കും). നിന്‍റെ വീട്ടീൽ വെള്ളം കേറിയോ ടോ, എന്‍റെ വീട് മുഴുവൻ വെള്ളത്തിലാ
ഞാന്‍ പറഞ്ഞു ഇവിടെയും വെള്ളം കയറിക്കൊണ്ടിരിക്കുകയാണെടോ വിദ്ദൂ.
ഫോണില്‍ മറുപടി ഒന്നും കേട്ടില്ല. അവള്‍ക്ക് എന്ത് പറ്റിക്കാണും.
ഞാന്‍ ഹലോ ഹലോയെന്ന് വീണ്ടും പറഞ്ഞിട്ടും ഫോണിൽ യാതൊരു അനക്കവും ഉണ്ടായിരുന്നില്ല. ഫോണ്‍ കേടായതു പോലെ ഒരു ശബ്ദം കേട്ടു. പുറത്തേയ്ക്കു ഇറങ്ങി നോക്കിയാലോ, അവളുടെ വീടിനെന്തു പറ്റി എന്ന്, വേണ്ട അമ്മ ചീത്ത പറയും
വീടിനു പുറത്തു മുഴുവന്‍ വെള്ളം തിര പോലെ വന്നു കൊണ്ട് ഇരിക്കുകയാണെന്ന് അച്ഛൻ പറഞ്ഞു. ആ ദിവസം മുഴുവന്‍ ജനലുകളും വാതിലുകളും കൊട്ടിയടച്ചു വീട്ടിൽ ഞങ്ങൾ പേടിച്ചു വിറച്ച് കഴിയുകയായിരുന്നു.
*********

അടുത്ത ദിവസം ഞാന്‍ എഴുന്നേറ്റത് കിടക്കുന്ന കട്ടിൽ കുലുങ്ങിയതു കൊണ്ടാണ്. എനിക്കു തോന്നിയതാണോ? കട്ടിലില്‍ എഴുന്നേറ്റിരുന്ന് ഞാന്‍ ഒന്നു കൂടി മനസ്സിരുത്തി.
ഉണ്ട്, ഇളകുന്നുണ്ട്. കട്ടിലിന്‍റെ കാലുകൾ ഇളകുന്നുണ്ട്. എന്‍റെ തോന്നലല്ല. പക്ഷെ കട്ടിലിന്‍റെ കാലുകളിലേയക്ക് നോക്കാന്‍ എനിക്ക് പേടിയാകുന്നുണ്ടായിരുന്നു.
ഇളക്കം കൂടി കൂടി വന്ന് ഒടുക്കം നിലം രണ്ടായി പിളരാന്‍ തുടങ്ങി. ഇന്നേ വരെ ഇങ്ങിനെയൊരു കാഴ്ച ഞാൻ കണ്ടിട്ടില്ല.
അത്ഭുതം എന്നു പറയട്ടെ, മുറിയുടെ നടുക്ക് ഇട്ട കട്ടില്‍ അതു പോലെ  കിടക്കുന്നു.  എന്നാല്‍ കട്ടിലിന്‍റെ താഴെയോ, മുറിയുടെ കൃത്യം നടുഭാഗത്തായി പിളര്‍ന്നിരിക്കുന്നു. അത് കൃത്യം കട്ടില്‍കാലുകളുടെ അങ്ങേയറ്റത്തു വരെ എത്തിയിട്ടുണ്ട്. ഒരനക്കവും കൂടിയുണ്ടായാൽ കട്ടിൽ മറഞ്ഞ് ഞാനും ആ കട്ടിലും പിളര്‍പ്പിൽ പെട്ടു പോയേനെ. എന്തായാലും ആ പിളര്‍ച്ച കട്ടില്‍കാലിൻ തുമ്പത്ത് വന്ന് നിന്നപ്പോളാണ് എന്‍റെ നെഞ്ചിടിപ്പ് ഒന്ന് കുറഞ്ഞത്. അന്നുണ്ടായതു ഒരു ഭൂമികുലുക്കമാണെന്ന് അച്ഛനും അമ്മയും പറഞ്ഞു തന്നു. ഇനിയും ഇതു പോലെ എപ്പോള്‍ വേണമെങ്കിലും കുലുങ്ങിയേക്കാമെന്ന ഭീതിയോടെ ആ ദിനവും കഴിച്ചു കൂട്ടി.
********

പൊതുവേ ശാന്തമായിരുന്നു പിറ്റേ ദിവസത്തെ തുടക്കം. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഒന്നും നടന്നില്ല എന്ന മട്ടിൽ അച്ഛനും അമ്മയും അവരുടെ കര്‍മ്മങ്ങളിൽ മുഴുകി.
  പക്ഷെ പുറത്ത് അസഹനീയമായ തണുപ്പ് തുടങ്ങുകയായിരുന്നു. ഞാനപ്പോളോര്‍ത്തു സുനാമിയേക്കാളും, ഭൂമികുലുക്കത്തേക്കാളും വലുതായി ഒന്നും വരാനില്ലല്ലോ.ഞാന്‍ കളിക്കാനായി പുറത്തേക്കിറങ്ങി.
എന്നാല്‍ ഈ തണുപ്പ് കൂടിക്കൂടി വരുന്നുണ്ടായിരുന്നു. ശക്തമായ മഞ്ഞുവീഴ്ചയില്‍ അതു കൊണ്ടുചെന്നെത്തിച്ചു. പുറത്ത് ഒന്നും തന്നെ കാണുന്നില്ല, ആളുകളെയോ, വാഹനങ്ങളെയോ ഒന്നും. അതിശക്തമായ തണുത്ത കാറ്റും കൂടെക്കൂടെ അടിക്കാന്‍ തുടങ്ങി.
കാറ്റടി ഒരുപാട് നേരത്തിനു ശേഷം നിന്നപ്പോള്‍ പുറമെ കണ്ട കാഴ്ച ബൈക്കുകളും,കാറുകളും കാറ്റിന്‍റെ ശക്തിയാൽ എറിയപ്പെട്ട് അങ്ങിങ്ങായി ചിതറിക്കിടക്കുന്നതായിരുന്നു.
അങ്ങിനെ പേടിച്ചുവിറച്ച് അന്നത്തെ ദിവസവും.... കഴിച്ചു കൂട്ടി , നാളെ ഇനി എന്തു ദുരന്തമാണാവോ ഞങ്ങളെ കാത്തിരിക്കുന്നത് എന്ന് ആലോചിച്ചുകൊണ്ട്.
********
ആ രാത്രി കിടക്കാന്‍ വൈകിയതു കൊണ്ടു പിറ്റേന്ന് എഴുന്നേല്‍ക്കാനും വൈകിപ്പോയിരുന്നു. അമ്മ എന്നെ വിളിച്ചുണര്‍ത്തുകയായിരുന്നു. എണീറ്റു നോക്കുമ്പോൾ നേരം 8.30 മണി. 9.00 മണിക്കു സ്കൂൾ തുടങ്ങും. എന്ത് സര്‍ക്കസ്സ് കാണിച്ചാണാവോ ഇന്ന് ഇനി കൃത്യസമയത്ത് ഒന്ന് സ്കൂളിലെത്താൻ കഴിയുക. അരമണിക്കൂറിനുള്ളില്‍ എങ്ങിനെയൊക്കെയോ ഞാൻ റെഡി.
ഓട്ടോമാമന്‍ വന്നു. ഞാന്‍ ഓട്ടോയിൽ കയറി യാത്ര തുടങ്ങി. പതിവിലധികം സന്തോഷത്തോടെയായിരുന്നു ഞാനും ഓട്ടോവിലെ മറ്റു കുട്ടികളും അന്നു യാത്ര ചെയ്തത് .
യാത്ര ആരംഭിച്ച് ഒരല്പം കഴിഞ്ഞപ്പോള്‍ തന്നെ മഴ തുടങ്ങി. അങ്ങിനെ അത് പെരുമഴയായി.നഗരത്തിലെ ഗട്ടറുകളും, ചാലുകളും കവിഞ്ഞൊഴുകി. റോഡ് വെള്ളത്തിലായി,ഞാനടക്കമുള്ള കുട്ടികള്‍ ആ പ്രളയത്തിലൂടെ നീന്തി നീന്തി സ്കൂളിലെത്തി.
ബാഗ് പുതിയതായതു കൊണ്ടു അകത്തേക്ക് അധികം വെള്ളം കയറിയിട്ടില്ല. പക്ഷെ തലമുടിയും ഡ്രസ്സും ഒക്കെ നനഞ്ഞിരിക്കുന്നു. തലമുടി കെട്ടാത്തതിനും ,ഡ്രസ് നനച്ചതിനും മിസ്സ് എത്ര രൂപ ഫൈൻ ഈടാക്കുമോ എന്തോ ? സ്കൂളിനകത്തേക്കു കയറിയപ്പോഴേക്കും ഭയങ്കരതണുപ്പ് അടിക്കാന്‍‍ തുടങ്ങി . സഹിക്കാനാകുന്നില്ല. ഞങ്ങള്‍ കുട്ടികളെല്ലാവരും പല്ലുകൾ കൂട്ടിയടിച്ച് വിറയ്ക്കുന്നുണ്ടായിരുന്നു.
എന്തു ചെയ്യാം ഒരു സ്വെറ്റർ കിട്ടിയിരുന്നെങ്കിൽ എന്നാശിച്ചു.

അങ്ങിനെയിരിക്കുമ്പോഴാണ് സ്കൂൾ ഓഫീസിലെ ആന്‍റി  ഓഫീസ് റൂമിനു മുന്നിൽ വെച്ചു കമ്പിളി വില്‍ക്കുന്ന കാഴ്ച കണ്ടത്. ഒരെണ്ണത്തിന് 25 രൂപ . ഞാന്‍ ഓടിച്ചെന്നു. അവിടെ നില്ക്കാനാകാത്ത തിരക്ക്. വേഗം എന്‍റെ ബാഗ് തുറന്നു നോക്കി. ഒരു 5 രൂപ നാണയവും, 1 രൂപ നാണയവും മാത്രമേ എന്‍റെ കയ്യിൽ ഉണ്ടായിരുന്നുള്ളൂ.
ഞാന്‍ വേഗം സ്കൂളിലെ കോയൻ ബോക്സിനടുത്തേക്കു ഓടി, വിറയ്ക്കുന്ന പല്ലുകളുമായി. ഒരു രൂപ നാണയമിട്ടു അമ്മയെ വിളിച്ചു. അമ്മേ കമ്പിളിപ്പുതപ്പ് വില്‍ക്കുന്നു. ഒരെണ്ണത്തിനു 25 രൂപ. എനിക്കാണെങ്കില്‍ തണുപ്പ് സഹിക്കാനാകുന്നുമില്ല.
അമ്മ പറഞ്ഞു 25 രൂപയോ എന്തിനാ വെറുതേ കാശ് കളയുന്നത് വീട്ടിലെ കമ്പിളിപ്പുതപ്പുമായി ഞാൻ സ്കൂളിലേക്ക് വരാം.
 പറഞ്ഞതു പോലെ അമ്മ സ്കൂളിലേക്ക് വന്നു. എന്നാല്‍ എന്നോട് എപ്പോഴും ഒരുങ്ങിപ്പോകണമെന്ന പറയാറുള്ള അമ്മ സ്കൂളിലേക്ക് ഇപ്പോൾ വന്നിരിക്കുന്നത് ഒരു നൈറ്റി ധരിച്ചാണ്. അയ്യേ, ഈ അമ്മയെന്താ ഇങ്ങനെ ? പാരന്‍റ് ഡ്രസ്സ് കോഡ് തെറ്റിച്ചു എന്നു പറഞ്ഞായിരുക്കും മിസ്സ് ഇനി അടുത്ത ചീത്ത പറയാൻ പോകുന്നത്.

ക്ലാസ് മുഴുവന്‍ വെള്ളത്തിലാണ് എവിടെയിരിക്കും,  എങ്ങിനെ പഠിപ്പിക്കും, എങ്ങിനെ പഠിക്കും  ഇതൊക്കെയായി എന്‍റെ ചിന്ത. ഞങ്ങള്‍ ഒരു വിധത്തിൽ ബഞ്ചിലിരുന്നു. വെള്ളത്തിന്‍റെ ഉയരം കൂടിക്കൂടിവന്നു. കാലുകള്‍ തണുത്തു വിറയ്ക്കാന്‍ തുടങ്ങി. ആദ്യത്തെ പിരിയേഡ് മിസ്സ് ക്ലാസെടുത്തു തുടങ്ങിയപ്പോള്‍ കുഴപ്പമില്ലായിരുന്നു.
പക്ഷെ നോട്ട്സ് എഴുതാറായപ്പോഴേക്കും വെള്ളത്തിന്‍റെ ഉയരം ഡസ്കിനു മുകളിലേക്ക് എത്തിയിരുന്നു. പുസ്തകം ഡസ്കിനു മുകളില്‍ വെച്ചെഴുതാൻ പറ്റാത്ത സ്ഥിതിയായി. എന്തു ചെയ്യാം മിസ് നോട്ട്സ് തരുന്നത് നിര്‍ത്താൻ ഭാവമില്ല. ഞങ്ങള്‍ പുസ്തകം ആള്‍വലുപ്പത്തിൽ പൊക്കിപ്പിടിക്കാൻ തുടങ്ങി. പക്ഷെ അത്രയും പൊക്കിയെഴുതിയതു കൊണ്ടു നന്നായി എഴുതാനും കഴിയുന്നില്ല. ഹാന്‍ഡ് റൈറ്റിംഗിനെച്ചൊല്ലിയായിരിക്കും മിസ്സിന്‍റെ അടുത്ത ചീത്ത.

നോട്ട്സ് തന്നതിനു ശേഷം മിസ്സ് ബോർഡിൽ എഴുതി
Natural Calamities
മിസ്സ് പറയാന്‍ തുടങ്ങി.പലതരം പ്രകൃതിദുരന്തങ്ങളെക്കുറിച്ച് നമ്മള്‍ ഇന്നലെ പഠിച്ചു. ഇന്ന് നമ്മള്‍ പഠിക്കാന്‍ പോകുന്നത്  Flood-നെക്കുറിച്ചാണ്. ടീച്ചര്‍ ബോര്‍ഡിൽ Flood എന്നെഴുതി.
ഇതു വരെ നിങ്ങള്‍ Flood എന്ന് കേട്ടിട്ടല്ലേ ഉള്ളൂ. ഈ ജനലിലൂടെയും മറ്റും വെള്ളം ഇങ്ങനെ വരുന്നത് ഇപ്പോള്‍ നിങ്ങൾ കാണുന്നില്ലേ , ഇതാണ് Flood അഥവാ വെള്ളപ്പൊക്കം.
ആരും പേടിക്കുകയൊന്നും വേണ്ടാ കേട്ടോ, കുറച്ചു കഴിഞ്ഞാല്‍ ഇതങ്ങൊഴുകിപ്പൊക്കോളും.
പിന്നെ ഒരു കാര്യം ബെല്ലടിച്ചു ഞാന്‍ പോകുമ്പോൾ ക്ലാസിന്‍റെ ഡോർ അടയ്ക്കണം ഞാൻ ലോക്ക് ചെയ്തു പോകും. അടുത്ത മിസ്സ് വരുമ്പോള്‍ താക്കോലിട്ടു തുറന്നോളും.അത് ചെയ്തില്ലെങ്കില്‍ നിങ്ങൾ ക്ലാസിന്‍റെ പുറത്തേക്ക് ഈ വെള്ളത്തിലൂടെ ഒഴുകിപ്പോകും. പൂട്ടിയിട്ടാല്‍ പിന്നെ ക്ലാസികത്ത് എവിടെയെങ്കിലും ഉണ്ടാകുമല്ലൊ.

ബെല്ലടിച്ചു, മിസ്സ് പൂട്ടി പോകുകയും ചെയ്തു. സെക്കന്‍റ് പിരിയേഡിലെ മിസ്സ് വന്നു ഡോർ  തുറന്നു നോക്കുമ്പോള്‍ കണ്ടത് ഡസ്കിന്‍റെ പുറത്ത് കയറി നിന്ന് ഗുഡ് മോര്‍ണിംഗ് മിസ്സ് എന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന ഞങ്ങളെയാണ്.
ഉടനെത്തന്നെ മിസ്സ് ഞങ്ങളുടെ നേരെ തിരിഞ്ഞു എന്തിനാ ഡസ്കിന്‍റെ പുറത്ത് കയറിയത് ? താഴെയിറങ്ങ്.
കൂട്ടത്തിൽ  മിസ്സിനോട് തര്‍ക്കിക്കാനൊക്കെ മിടുക്കുള്ള റോസാ രവീന്ദ്രൻ പറഞ്ഞു. മിസ്സിനു കണ്ണു കാണുന്നില്ലേ ? താഴെ മുഴുവന്‍ വെള്ളമായതു കൊണ്ടല്ലേ ഞങ്ങൾ ഡസ്കിനു പുറത്തു കയറിയത്. കളിക്കാന്‍ വേണ്ടി ഞങ്ങള്‍ കയറിനില്‍ക്കുമ്പോൾ മിസ്സ് പറഞ്ഞാൽ ഞങ്ങൾ ഇറങ്ങുമായിരിക്കും. പക്ഷെ ഇപ്പോള്‍ താഴെ വെള്ളമായതു കൊണ്ട് മിസ്സിനി പറഞ്ഞാലും ഞങ്ങളിറങ്ങാന്‍ പോകുന്നില്ല.
Ok its ok. മിസ്സ് പറഞ്ഞു. അപ്പോഴേക്കും സ്കൂൾ വിടാനുള്ള ലോംഗ് ബെല്ലടിച്ചിരുന്നു.
ഇനിയിപ്പൊ വീട്ടീല്‍ പോകാൻ ഓട്ടോമാമൻ വരുമോ, ഇത്ര നേരത്തെ. അമ്മ വിളിച്ചു പറഞ്ഞിട്ടുണ്ടാകുമോ, അതോ ചിലപ്പോള്‍ സ്കൂളിൽ നിന്ന് പറഞ്ഞു കാണുമോ.
കുറേ നേരം നിന്നപ്പോള്‍ റോഡിന്‍റെ മറുവശത്തു ഞങ്ങളുടെ ഓട്ടോ വന്നതു കണ്ടു. ഞാന്‍ പെട്ടെന്നു തന്നെ റോഡ് ക്രോസ് ചെയ്യാന്‍ വേണ്ടി ഓടി.എത്ര നേരം കഴിഞ്ഞിട്ടാണെന്നോ റോഡ് ഒന്നു ക്രോസ് ചെയ്യാന്‍ സാധിച്ചത്. അത്രമാത്രം വണ്ടികള്‍ അങുമിങ്ങും പരക്കം പായുകയായിരുന്നു.
ഞങ്ങളെല്ലാവരും ഓട്ടോയില്‍ കയറി ഓട്ടോ സ്റ്റാര്‍ട്ടു ചെയ്തു.
പെട്ടെന്നാണ് ആ കാഴ്ച ഞാൻ കാണുന്നത്. സ്കൂൾ എന്‍റെ വീട്ടിലെ ബില്‍ഡിംഗ് ബ്ലോക്ക് യൂണിറ്റുകള്‍ തകര്‍ന്നു വീഴുന്നതു പോലെ തകര്‍ന്നു വീഴുന്നു. എന്തൊരു കാഴ്ച.
ഞാന്‍ അന്തം വിട്ടു. എന്‍റെ കൂട്ടുകാരികൾ ആരും കണ്ടിട്ടില്ല. അവരോട് അങ്ങോട്ട് നോക്കാന്‍ പറഞ്ഞിട്ട് ശ്രദ്ധിക്കുന്നുമില്ല. ഓട്ടോമാമൻ  നോക്കാത്തതിൽ തെറ്റ് പറയാൻ പറ്റില്ല, ഓട്ടോ മാമൻ ഡ്രൈവിംഗില്‍ ശ്രദ്ധിക്കുകയാണല്ലൊ.
എന്നാല്‍ വണ്ടി സ്കൂളിനെ ഒന്ന് വലം വെച്ച് ഔട്ടര്‍ റോഡിലെത്തുമ്പോൾ സ്കൂൾ പഴയതു പോലെ തന്നെയായിരിക്കുന്നു. ബില്‍ഡിംഗ് ബ്ലോക് യൂണിറ്റ് ഒരു മിനിറ്റു കൊണ്ട് നേരെയാക്കണമെന്ന പസ്സിൽ കളിച്ചതു പോലെ.
ഓട്ടോ റോഡിലൂടെ പോകുമ്പോള്‍ ഇതു വരെ കണ്ടതിൽ വെച്ചേറ്റവും വലിയ മഴ ഇതാ പെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ രാവിലെത്തേതു പോലെ തന്നെ നനയുമെന്നുറപ്പിച്ചിരുന്നു.

അപ്പോള്‍ ഓട്ടോമാമൻ പറഞ്ഞു.
പേടിക്കേണ്ട, വണ്ടിയില്‍ അഡീഷണ ഫിറ്റിംഗ്സ് ഘടിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ നിങ്ങൾ ഒരു മാജിക് കണ്ടു കൊള്ളൂ. ഓട്ടോമാമന്‍ ഒരു സ്വിച്ച് പ്രസ്സ് ചെയ്തു. ഓട്ടോ റോഡിലൂടെ ഒഴുകുന്ന ബോട്ടായി മാറി. ഞങ്ങളോടെല്ലാവരോടും കുട നിവര്‍ത്തിക്കോളാൻ മാമൻ പറഞ്ഞു.
വണ്ടികള്‍ ഒഴുകിപ്പോകുന്നതിനിടയിലൂടെ ഞങ്ങൾ ബോട്ടില്‍ സുരക്ഷിതമായി യാത്ര ചെയ്തു. എന്‍റെ വീടെത്തി. ഞാന്‍ നീന്തിക്കയറി.
വല്ലാത്ത തലവേദനയായിരുന്നു. ഡ്രസ് മാറി ഞാന്‍ ഒന്നു കിടന്നു. രാവിലത്തെ കമ്പിളി പുതക്കേണ്ട. അമ്മ ഇതും പറഞ്ഞ് പുതിയ കമ്പിളിയുമായി വന്നു. പക്ഷെ ഇത്തവണ അമ്മ ശരിക്കും ഡ്രസ് ചെയ്ത് മേക്കപ്പിട്ടായിരുന്നു വീട്ടുപണി ചെയ്തുകൊണ്ടിരുന്നത്.ഇതെന്താ ഇങ്ങനെ, അമ്മ വീട്ടില്‍ മേക്കപ്പും മറ്റും ഇട്ടുകൊണ്ട്, സ്കൂളിലേക്ക് വന്നത് ആണെങ്കിൽ നൈറ്റിയും ധരിച്ചും കൊണ്ട്.
ഇതൊക്കെ എനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു. തലവേദനയുടെ ശക്തി കാരണം ഒന്നും കഴിഞ്ഞില്ല. അമ്മ തന്ന കമ്പിളിയും പുതച്ച് ഉറങ്ങി.


എഴുന്നേറ്റു നോക്കിയപ്പോൾ എല്ലാം പഴയതു പോലെ, ഓ ------
വെറും സ്വപ്നമായിരുന്നുവോ ഇതെല്ലാം,
ഞാന്‍ ചിരിച്ചു, ഇന്നലെ ശരിക്കും നടന്നതോരോന്നായി ഓര്‍ത്തു.
ടീച്ചര്‍ ക്ലാസിൽ Natural Calamities എന്ന പാഠം എടുത്തത്, അച്ഛനോട് ലോകാവസാനം എന്നാണ് എന്ന് ചോദിച്ചത്, ബില്‍ഡിംഗ് ബ്ലോക്ക് യൂണിറ്റു കൊണ്ടി കളിച്ചത് അങ്ങിനെ എല്ലാമെല്ലാം. ചിരിയടക്കാനായില്ല.
പക്ഷെ ആ ചിരി അടക്കിക്കൊണ്ട് ജനലിനു പുറത്ത് നിന്ന് സ്വപ്നത്തിലെ സുനാമിദിവസം കേട്ടതുപോലെയുള്ള അതേ ശബ്ദം വീണ്ടും,
    അതെ, ആ ശബ്ദം വീണ്ടും .
                      
***********
                                                                      നിത്യശ്രീ നവനീത്


അഞ്ചാം സ്റ്റാന്‍ഡേര്‍ഡ്
സെന്‍.ജോസഫ് ആംഗ്ലോ ഇന്ത്യന്‍
ഗേള്‍സ് എച് എസ് എസ്
                               കോഴിക്കോട്

No comments:

Post a Comment