Wednesday, December 25, 2013

വ്യാകരണം കുഴപ്പിക്കുന്ന ഹരിവരാസനം
(2013 ഡിസമ്പര്‍ ലക്കം ഭാഷാപോഷിണിയില്‍ വന്ന പ്രതികരണം)
 ജി സുദേവ്കൃഷ്ണ ശര്‍മ്മ

ഡിസമ്പര്‍ ലക്കം ഭാഷാപോഷിണിയിൽ(പുസ്തകം 37 ലക്കം 12) ഹരിവരാസനം എന്ന കൃതിയുടെ കര്‍തൃത്വത്തെക്കുറിച്ചുള്ള സുരേഷ് മാധവിന്‍റെ ലേഖനം കണ്ടു. 

ഹരിവരാസനത്തില്‍ ലേഖകൻ ചുണ്ടിക്കാണിച്ച പോലുള്ള വ്യാകരണപ്പിശകുകൾ ആവശ്യത്തലധികമായുണ്ട്. എന്നിട്ടും ഇതു പോലൊരു കൃതിയുടെ പുറകേ പോകുന്നത്  നിരര്‍ഥകം തന്നെ.
കൃതിയിലെ ആദ്യത്തെ പദം തന്നെയെടുക്കാം . ഹരിവരാസനം - ഹരിയുടെ വരങ്ങളുടെ ഇരിപ്പിടം എന്ന് അര്‍ഥം പറഞ്ഞു കാണുന്നു. ഒട്ടും നല്ലതല്ലാത്ത ഒരു പ്രയോഗം ആയേ ഇത് അനുവാചകനു തോന്നുന്നത്. അല്ലെങ്കില്‍ ഇങ്ങനെ വ്യാഖ്യാനിക്കണം . ഹരിവരന്‍ (അതായത് പുലികളില് കേമന്‍) ആസനം (ഇരിപ്പിടം) ആയവന്‍ എന്ന് . എന്നാല്‍ തന്നെ എപ്പോഴും ശാസ്താവ് പുലിപ്പുറത്തിരിക്കുന്നവനല്ലല്ലൊ. ഒരു കാര്യം സാധിക്കാന്‍ വേണ്ടി  പുലിപ്പുറത്ത് ഒരിക്കല്‍ ഇരുന്നവനാണ്. ഇനിയതല്ല അയ്യപ്പനെ പുലിപ്പുറത്തിരിക്കുന്നവനായിട്ടാണ് ശബരിമലയില്‍ പ്രതിഷ്ഠിച്ചത് എങ്കില്‍ അങ്ങിനെ പറഞ്ഞാല്‍ തെറ്റില്ല. പക്ഷെ പ്രതിഷ്ഠ അങ്ങിനെയല്ലല്ലൊ.

പ്രണവസത്യകം പ്രാണനായകം എന്നുള്ളിടത്തു പ്രണവത്തിന്റെ സത്യത്തോടു കൂടിയവന്‍ എന്ന് ആദ്യത്തെ പദത്തെ വ്യാഖ്യാനിക്കാമെങ്കിലും, രണ്ടാമത്തെ പദത്തില്‍  ആരുടെ പ്രാണനായകനായാണ് അയ്യപ്പനെ വര്‍ണ്ണിക്കുന്നത് എന്ന് വ്യക്തമല്ല. ഇക്കാരണത്താല്‍ ചിലര്‍ ഇതിനെ വ്യഖ്യാനിക്കുന്നത് പ്രഭയുടെയും സത്യകയുടെയും പ്രാണനായകന്‍ എന്നാണ് . അങ്ങിനെയെങ്കില്‍ പ്രഭാസത്യകാപ്രാണനായകം എന്ന് വരി തിരുത്തണം. ചിന്തിതപ്രദം എന്നുള്ളിടത്തു ചിന്തിതവരപ്രദം എന്ന മധ്യമപദലോപിസമാസത്തെ (അതായത് മധ്യമപദം ലോപിച്ചു പോകുന്ന സമാസത്തെ) ആശ്രയിക്കാം എന്നു വെക്കാം.

ശരണകീര്‍ത്തനം  എന്നത് ശരണകീര്‍ത്തനങ്ങളോട് കൂടിയവൻ എന്ന ബഹുവ്രീഹിസമാസം ആയി വ്യാഖ്യാനിക്കാമെന്നും വെക്കാം . 
എന്നാല്‍ ഭക്തമാനസം  എന്ന വാക്കിന്  അയ്യപ്പനിലേക്കോ/ശാസ്താവിലേക്കോ  നേരിട്ടന്വയിക്കാവുന്ന ഒരു സാധ്യതയും കാണുന്നില്ല. ചിലര്‍ ശക്തമാനസം എന്നതാണ് ശരി എന്നു വാദിക്കുന്നു. അങ്ങിനെയെങ്കില്‍ ശക്തമായ മനസ്സോടു കൂടിയവന്‍ എന്നൊക്കെ അര്‍ഥം വ്യാഖ്യാനിക്കാം. പക്ഷെ ഭക്തരുടെ മനസ്സിന് ശക്തി പകരുന്നു എന്ന് പറയുമ്പോഴല്ലേ സ്തുതി ചമല്‍ക്കാരസമ്പൂര്‍ണ്ണമാവുകയുള്ളൂ. ഭഗവാന്റെ മനസ്സ് ശക്തിമത്താണ് എന്ന് പ്രത്യേകം പറയാനെന്തിരിക്കുന്നു ?
നര്‍ത്തനാലസം എന്ന വാക്കിന്റെ  അര്‍ഥം നൃത്തത്തിൽ  അലസനായവൻ (നര്‍ത്തനേ അലസഃ) എന്നാണ്. നൃത്തം ചെയ്യാന്‍ മടിയുള്ളവൻ എന്ന അനിഷ്ടാര്‍ഥത്തെ നൃത്തം ചെയ്ത് ആലസ്യം ബാധിച്ചവൻ എന്നു വ്യാഖ്യാനിച്ചു പരിഹരിച്ചാൽ തന്നെ ഹരിഹരസുതനായ ശാസ്താവോ പന്തളരാജകുമാരനായ അയ്യപ്പനോ എപ്പോൾ നൃത്തം ചെയ്തു എന്നു പറയേണ്ടി വരും. നിത്യനര്‍ത്തനം എന്ന പദത്തിലും ഇതേ പ്രശ്നം ഉദിക്കുന്നു. ഒരു സമാധാനമെന്ന നിലയ്ക്ക്  ഭക്തരുടെ മനസ്സുകളിൽനൃത്തം ചെയ്യുന്നവൻ എന്ന് പറഞ്ഞുണ്ടാക്കിയാലും ആലസ്യം വീണ്ടും പ്രശ്നമാകും.
ശ്രുതിവിഭൂഷണം എന്നതൊരു നല്ല പ്രയോഗമല്ലെങ്കിലും, ശ്രുതയഃ വിഭൂഷണം യസ്യ എന്ന ബഹുവ്രീഹിസമാസം കൊണ്ട് ശരിയാക്കിയെടുക്കാം. പക്ഷെ  ശ്രുതിമനോഹരം,  എന്ന വാക്കിന്   ശ്രുതിഷു മനോഹരഃ എന്ന സപ്തമീതത്പുരുഷസമാസമാക്കിയും ശരിയാക്കിയെടുക്കാം എന്നു വെക്കാം.   കീര്‍ത്തനപ്രിയം , ചിന്തിതപ്രദം എന്നീ രണ്ടു വാക്കുകൾ രണ്ടു സ്ഥലത്തു ആവര്‍ത്തിക്കുന്ന വിരസതയുമുണ്ട് കീര്‍ത്തനത്തില്‍ .ഒരു ദിക്കില്‍ തുരഗവാഹനം എന്നും മറ്റൊരു ദിക്കില്‍ കളഭകേസരീവാജിവാഹനം എന്നു പറയുമ്പോഴുള്ള വൈരുദ്ധ്യവും ബാക്കി നില്‍ക്കുന്നു.

ദ്വിതീയാക്ഷരപ്രാസം അതല്ലെങ്കിൽ തൃതീയാക്ഷരപ്രാസം എന്ന പ്രാസഭംഗി മാത്രം മുന്നിര്‍ത്തി കുറേ പദങ്ങള്‍ പ്രയോഗിക്കുക എന്ന ഒരുദ്ദേശ്യം മാത്രമേ രചയിതാവിനുള്ളൂ എന്നു വ്യക്തം.

ഇനി ഇതിനെക്കുറിച്ച് ഭാഷാപോഷിണിയില്‍ സുരേഷ് മാധവ് പറയുന്നതു എന്താണെന്ന്  നോക്കാം.
  കീര്‍ത്തനവും സ്തോത്രകൃതികളും വായിച്ചു പരിചയിച്ച ഒരാൾ പദത്തിന്റെ  ശബ്ദസുഖത്തിനു വേണ്ടി അര്‍ഥവും            ഔചിത്യവും അവഗണിച്ചെന്നിരിക്കും. ഹരിവരാസനത്തിന്റെ കാര്യത്തിലും അതാവാം സംഭവിക്കുന്നത്. ശബ്ദസുഖത്തിനു വേണ്ടി എന്തുമെഴുതി വെക്കുന്ന മൂന്നാംകിട പാട്ടെഴുത്തുകാരന്റെ  നിലവാരം മാത്രമേ ഈ കൃതിയിൽ കാണുള്ളൂ എന്നു തന്നെയല്ലേ  ലേഖകന്‍ നല്ല ഭാഷയില്‍ പറഞ്ഞത് ?

നോക്കുക വ്യാകരണനിഷ്ഠയല്ല ആലാപനവഴക്കമാണ് രചയിതാവിന് പഥ്യം. 1962 ൽ പ്രസിദ്ധീകരിച്ച മൂലപാഠത്തില്‍ ഹരിദധീശ്വരാരാധ്യപാദുകം എന്നാണ്. ആലാപനത്തിലാകട്ടെ ഹരിദധീശ്വരം എന്നാണ് ഉച്ചാരണം. മൂലപാഠത്തിലെ പ്രയോഗം തെറ്റാണെന്ന് പറയേണ്ടിയിരിക്കുന്നു. ഹരിവരാസനത്തിലെ ഓരോ ശ്ലോകങ്ങളിലും ദേവന്റെ വിശേഷണങ്ങൾ അവസാനിക്കുന്നത് ദ്വിതീയാന്തത്തിലാണ് . ആ നിയമമനുസരിച്ച് ഹരിദധീശ്വരാത് ആരാധ്യപാദുകം എന്ന പ്രയോഗം പഞ്ചമ്യന്തമാണ്. സംസ്കൃതവ്യാകരണപാഠമനുസരിച്ച് ഈ രീതി സാധുവല്ല. 
ഇവിടെ മനസ്സിലാകാത്ത ഒരു കാര്യം  - ഏതു നിയമപ്രകാരം ആണ് ഹരിദധീശ്വരാത് ആരാധ്യപാദുകം എന്ന പ്രയോഗം പഞ്ചമ്യന്തമാകുന്നത് ? പഞ്ചമീതല്‍പുരുഷസമാസമാണ് എന്നാണ് ലേഖകൻ പറയേണ്ടിയിരുന്നത്. സംസ്കൃതവ്യാകരണപാഠമനുസരിച്ച് ഈ രീതി സാധുവല്ല എന്നും പറയുന്നു. ഏതു വ്യാകരണനിയമമനുസരിച്ചാണ് ഇതു സാധുവല്ലാത്തത്?

ലേഖകന്റെ  മറ്റൊരു വാദം നോക്കുക പൂന്താനത്തിന്റെ  കാവ്യാഖ്യാനം പോലെ വിഭക്തിയല്ല, ഭക്തിയാണ് ഹരിവരാസനത്തില്‍ തെളിഞ്ഞു നില്‍ക്കുന്നത്. രചയിതാവിന്റെ  വ്യകരണപ്പിഴവുകള്‍ക്ക് ഭക്തിയുടെ പേരിൽ പാവം പൂന്താനത്തെ കൂട്ടുപിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. പൂന്താനത്തിന്റെ  സാഹിത്യകൃതികൾ എല്ലാം തന്നെ മികച്ചവ തന്നെയാണെന്ന് പൂന്താനത്തെ വായിക്കുന്നവര്‍ക്കറിയുമായിരിക്കും. വേദാന്തപരമായ ആശയങ്ങളെ വളരെ ലളിതമായി അവതരിപ്പിക്കാന്‍ ഇതു പോലെ മിടുക്ക് മറ്റാര്‍ക്കാണുള്ളത്.
പിന്നെ പൂന്താനത്തിന്‍റെ ഭക്തി എന്ന പേരിൽ പ്രസിദ്ധമായ കഥ അദ്ദേഹത്തിന്റെ  കൃതിയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതല്ല എന്നും പ്രത്യേകം ഓര്‍ക്കണം. വിഷ്ണുസഹസ്രനാമത്തിലെ പദ്മനാഭോഽ മരപ്രഭുഃ  എന്ന പദം അദ്ദേഹം മുറിച്ചുചൊല്ലിയപ്പോൾ പദ്മനാഭഃ എന്നും അമരപ്രഭുഃ എന്നും മുറിച്ചു ചൊല്ലേണ്ടിടത്തു പദ്മനാഭഃ എന്നും മരപ്രഭുഃ എന്നും തെറ്റിച്ചൊല്ലി എന്ന വെറുമൊരു കഥയുടെ പുറത്താണെന്നും കൂടി ഓര്‍ക്കേണ്ടതാണ്.
യേശുദാസിന്റെ സ്വരമാധുരിയും മധ്യമാവതി രാഗത്തിന്റെ ഭംഗിയുമൊഴിച്ചാൽ രചനാപരമായ യാതൊരു സൌഷ്ഠവവും ഇല്ലാത്തതാണ് ഹരിവരാസനമെന്നത് പച്ചയായ ഒരു സത്യമാണ്.
കീര്‍ത്തനമെഴുതിയതു കമ്പക്കുടിയായാലും ശരി, ജാനകിയമ്മയായാലും ശരി അത് അബദ്ധപ്രയോഗങ്ങളെക്കൊണ്ടു ജടിലമാണെന്ന് പറയാതെ വയ്യ. അതിനെ സുരേഷ് മാധവിനെപ്പോലെയുള്ളവര്‍ എത്ര കണ്ടു വാഴ്ത്തിയാലും.
ഒരു ഭക്തനു ഏത് കീര്‍ത്തനം എഴുതാനും അത് പാടാനും ഉള്ള  സ്വാതന്ത്ര്യം ഉള്ളതു തന്നെ. പക്ഷെ അറിയാത്ത സംസ്കൃതഭാഷയില്‍ എഴുതിയൊപ്പിക്കാതെ, അറിയുന്ന മാതൃഭാഷയില്‍ എഴുതാമായിരുന്നില്ലേ ?  അതാകുമ്പോള്‍ ഭക്തിപാരമ്യം കൊണ്ടു ഹൃദയാവര്‍ജ്ജകമായിത്തീരുകയും ചെയ്യുമല്ലൊ. ഭഗവാനു നമ്മുടെ ഭാഷ അറിയാത്തതു കൊണ്ടാണോ , അതോ  ഭഗവാനു മനസ്സിലാകുന്ന സംസ്കൃതഭാഷയില്‍ തന്നെ എഴുതിയാലേ അതംഗികരിക്കപ്പെടൂ എന്നുള്ളതു കൊണ്ടാണോ, ഇങ്ങനെ എഴുതേണ്ടി വന്നത് ?  ഭക്തന്റെ സ്വാതന്ത്ര്യം പോലെയല്ലല്ലൊ ക്ഷേത്രാധികാരികളുടെ കാര്യം . എത്രയോ നല്ല നല്ല ശാസ്താവിന്‍റെയും അയ്യപ്പന്റെയും  കീര്‍ത്തനങ്ങൾ ഇരിക്കെ ഈ കീര്‍ത്തനത്തെ ഇത്രയും വലിയ ഒരു സ്ഥാപനമായ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിൽ  കാസറ്റ് രൂപത്തിലാക്കുക എന്നു മാത്രമല്ല (അതാണെങ്കിലും സഹിക്കാമായിരുന്നു), ആ പാട്ട് പാടി ദേവനെ ഉറക്കുക  എന്ന രീതിയിൽ  ക്ഷേത്രത്തിലെ ഒരു അനുഷ്ഠാനമാക്കി വരെ മാറ്റിക്കളഞ്ഞിരിക്കുന്നു എന്നു കൂടി ആലോചിക്കുമ്പോളാണ് പ്രശ്നം ഗുരുതരമാകുന്നത്. ഈ ആചാരം  നടപ്പിൽ വരുത്തുന്ന കാലത്തെ ബോര്‍ഡിലുള്ളവരോ ക്ഷേത്രാധികാരികളോ സംസ്കൃതഭാഷയുടെ രസം നുകരാത്തവര്‍ തന്നെ.  
നാരായണീയം എന്ന മേൽപ്പുത്തൂരിന്റെ കൃതി (മുഴുവനായി ഇല്ലെങ്കിലും) വി.ദക്ഷിണാമൂര്‍ത്തിയെക്കൊണ്ട് സംഗീതം ചെയ്യിച്ച് പി.ലീലയെക്കൊണ്ടു പാടിച്ചു കാസറ്റ് രൂപത്തിലും, സിഡി രൂപത്തിലും ഒക്കെ ആക്കിയ ഗുരുവായൂർ ദേവസ്വത്തിന്റെ ശ്ലാഘനീയമായ നടപടി  നാം സ്മരിക്കേണ്ടത് ഇത്തരുണത്തിലാണ്.



ജി സുദേവ്കൃഷ്ണ ശര്‍മ്മ
സംസ്കൃതാധ്യപകന്‍
കോഴിക്കോട്
isudev@gmail.com


No comments:

Post a Comment