ഒരു ലിപിയും കുറേ വിവാദങ്ങളും
ജി. സുദേവ്
കൃഷ്ണശര്‍മ്മൻ
ഡിസമ്പര്‍ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ( പുസ്തകം 91,
ലക്കം 40) റൂബിൻ ഡിക്രൂസ് എഴുതിയ ‘പരിഷ്കരിച്ച് പരിഷ്കരിച്ച് ഭാഷയെ കൊല്ലുന്നു’ എന്ന ലേഖനത്തിന്റെ പ്രതികരണം ആണ് ഈ കത്ത്. ലേഖകന്‍ മലയാളലിപിപരിഷ്കരണത്തിന്റെ
ചരിത്രം വളരെ രസാവഹമായി അവതരിപ്പിച്ച ഈ ലേഖനത്തിൽ വസ്തുതകള്‍ക്ക് വിരുദ്ധമായ
കാര്യങ്ങൾ പിന്നീട് അവതരിപ്പിക്കുന്നതായി
കണ്ടു.
“മലയാളപത്രങ്ങളോ
പുസ്തകപ്രസാധകരോ ഒന്നും പഴയ ലിപിയിലേക്ക് മടങ്ങിപ്പോയിട്ടില്ല”. പി.42
“പാഠപുസ്തകങ്ങളാകെ പഴയ ലിപിയിലും, പുറം ലോകത്തെ മലയാളം ഇന്ന്
നിലവിലുള്ള ലിപിയിലും ആവും . കുട്ടികൾ രാവിലെ വായിക്കുന്ന പത്രങ്ങൾ ഒരു
രീതിയിലച്ചടിക്കുന്നു..... പാഠപുസ്തകം മാത്രം വേറൊരു രീതിയിലും”പി.46 “കുട്ടികളില്‍ ഇരട്ടലിപിയുടെ ഭാരം
അടിച്ചേല്പിക്കുന്നതാവും ഈ മാറ്റം”. പി. 42
എന്നാൽ ലേഖകന്റെ ഈ
ലേഖനം തന്നെ അടിച്ചു വന്ന പ്രമുഖപ്രസാധനശാലയുടെ
പേര് എങ്ങിനെയാണ് എന്നൊന്നോര്‍ത്തു നോക്കൂ.
‘മാതൃഭൂമി ആഴ്ചപ്പതിപ്പ്’ -
ഇത് പഴയ ലിപിയല്ലാതെ
മറ്റെന്താണ്, ഇത്രയും കാലം വിദ്യാര്‍ഥികള്‍ക്ക് ഇതു കണ്ടിട്ട് ആര്‍ക്കെങ്കിലും
ഇരട്ടലിപിയുടെ ഭാരമുണ്ടായതായി അറിവില്ല. മാത്രവുമല്ല
അങ്ങിനെ എഴുതുമ്പോള്‍ ഉള്ള ഭംഗി
മാതൃഭൂമി ആഴ്ചപ്പതിപ്പ് എന്ന എഴുതിയാൽ കിട്ടുകയുമില്ല. അതു കൊണ്ടു തന്നെ മുമ്പത്തേക്കാ മനോഹരവും വളരെ എളുപ്പം എഴുതാനാകുന്നതും
ആയ ലിപി എഴുതാനുള്ള ഒരവസരം കുട്ടികള്‍ക്ക് സംജാതമായിരിക്കുകയാണ്.
“...മടങ്ങിപ്പോകണമെന്ന
വാദം ലിപിവളര്‍ച്ചയുടെ സ്വാഭാവികതയെ തടയുന്നതും , ലിപിസ്വാതന്ത്ര്യത്തെ
പരമിതപ്പെടുത്തുന്നതുമാണ് ...... ക്ലെമന്റ്
പാതിരി ഉണ്ടാക്കിയത് 1128 അച്ചുകളായിരുന്നെങ്കിൽ ബെയ് ലി അത് അഞ്ഞൂറാക്കി കുറച്ചു, ടൈപ്പ്റൈറ്ററിനായി അതു 90
ആക്കി കുറച്ചു..... ഭാഷയിൽ ചരിത്രത്തില്‍ മുന്നോട്ടുള്ള പോക്കേ ഉള്ളൂ”. പി 46
ലേഖകനെ
സംബന്ധിച്ചിടത്തോളം അക്ഷരങ്ങള്‍
വെട്ടിക്കുറക്കുന്നിടത്താണത്രെ ലിപിയുടെ വളര്‍ച്ച. ആദ്യം 1128 ഉം , പിന്നീട് 500, അതിനു
ശേഷം 90 ഉം ആക്കിയ ഭാഷയുടെ
മുന്നോട്ടുള്ള പോക്കിൽ ഇനിയും കുറച്ച് ഒരു ഇരുപത്തഞ്ചെങ്കിലും
ആക്കണമെന്നാണ് ലേഖകന്റെ വിവക്ഷ എന്നു തോന്നും. ലിപിയുടെ സ്വാഭാവികവളര്‍ച്ചക്കു
കോട്ടം തട്ടുന്നു എന്നപലപിക്കുന്ന ലേഖകൻ , മുമ്പ് അച്ചടിയില്‍ സങ്കീര്‍ണ്ണമായ
അക്ഷരങ്ങൾ പോലും ഇന്നുപയോഗിക്കാൻ സാധിക്കുന്നു
എന്ന ഉന്നതമായ തലത്തിലേക്ക് മലയാളം കമ്പ്യൂട്ടിങ് വളരുകയാണ് എന്ന് ഓര്‍ക്കാത്തത്
ഏറ്റവും നിര്‍ഭാഗ്യകരമായ വസ്തുത തന്നെ.
“തനതിലേക്കുള്ള ഈ പോക്കിന് ഒരന്ത്യമുണ്ടാകില്ല
എന്ന് മാത്രം” പി 46
ഇവിടെ ലേഖകൻ ഇങ്ങനെ
ഭയക്കുന്നതായി തോന്നാം. എങ്ങിനെയന്നാൽ മലയാണ്മയിൽ നിന്ന് ഗ്രന്ഥലിപി , അതില്‍
നിന്ന് കോലെഴുത്ത്, അതില്‍ നിന്ന് വട്ടെഴുത്ത്, അതില്‍ നിന്ന് നാനം മോനമോ, അതോ
ബ്രാഹ്മിയോ ആയി മാറിപ്പോകുമോ മലയാളിയുടെ ലിപി എന്ന ഭയം.മാത്രവുമല്ല
വ്യഞ്ജനത്തോടൊപ്പം ഉ, ഊ, ഋ, ര /റ ഇവ ചേരുന്നിടത്തും കൂട്ടക്ഷരങ്ങള്‍ എഴുതുമ്പോളുള്ള വ്യത്യാസവും മാത്രമാണ് പ്രസ്തുതനിര്‍ദ്ദേശത്തിലുള്ളത്.
ഇതിനെയാണോ ഭാഷയെ ഇരുനൂറു വര്‍ഷം പുറകോട്ട് തള്ളുക
എന്നൊക്കെ വ്യാഖ്യാനിക്കുന്നത്.
“ട്ടൂ , ക്രൂ , മ്പ്യൂ , ഗ്രൂ ബ്ദ , സ്ത
എന്നിവ പോലുള്ളവയും സ്ഥലം കൂടുതലെടുക്കുന്നു .....” പി 47
ഇവിടെയൊക്കെ ലേഖകൻ കേവലം അച്ചടിയുടെ ഭാഗത്തു നിന്നേ നോക്കിക്കാണുന്നുള്ളൂ.
കുട്ടികളുടെ കൈയ്യെഴുത്തിന്‍റെ എളുപ്പത്തെക്കറിച്ച് ഒന്നും ലേഖകൻ ചിന്തിക്കുന്നതേയില്ല.
“കുട്ടികളെ
ലിപിപരിഷ്കരണത്തിനുള്ള ഗിനിപ്പന്നികളാക്കുന്നത് ” പി
47 - പരിഷ്കരിക്കുകയാണെങ്കിലേ ആ പ്രശ്നമുദിക്കുന്നുള്ളൂ. സാങ്കേതികപരിമിതികള്‍
കാരണം അച്ചടിയിൽ സങ്കീര്‍ണ്ണവും, (എന്നാല്‍
എഴുതാൻ വളരെ എളുപ്പവും ആയ) അക്ഷരങ്ങള്‍
മുമ്പ് ഒഴിവാക്കിയത് ഇപ്പോൾ അച്ചടിയിലും എളുപ്പം സാധ്യമാവുന്നു. മുമ്പ്
എഴുതിയിരുന്നത് ഇപ്പോള്‍ അച്ചടിക്കുമ്പോൾ അത് എങ്ങിനെ പരിഷ്കാരമാകും ?
മുമ്പ് അച്ചടി ഒരു
വിധത്തിലും, എഴുത്ത് പഴയ രീതിയിൽ തന്നെയും ആയ കാലത്തും ഈ ഇരട്ടലിപിഭാരം തോന്നിയതായി
പറഞ്ഞുകേട്ടിട്ടില്ല. മാത്രവുമല്ല
പാഠപുസ്തകങ്ങളിലും മറ്റും ഒരുവിധത്തിലും, കൈയ്യെഴുത്തിൽ മറ്റൊരു വിധത്തിലും എഴുതുമ്പോഴുണ്ടാകുന്ന
ഒരു ധാരണപ്പിശക് ഇതോടെ തീരുകയും ചെയ്യും. എഴുതുന്നതു തന്നെ അച്ചടിയിലും കാണുമ്പോള്‍
താൻ എഴുതുന്നത് ശരിയാണ് എന്ന അവന് ഉറപ്പിക്കാം.
ക്ലാസ്റൂമുകളില്‍
ബോര്‍ഡുകളിലും മറ്റും പഴയ ലിപി കണ്ടാൽ അത്
കുട്ടികള്‍
അനായാസം വായിക്കുകയും കുറേ
പേരെങ്കിലും അതുപോലെ എഴുതുകയും ചെയ്യുന്ന ഒരു അനുഭവം ഒരു യു.പി സ്കൂള്‍ അധ്യാപകനായ
എനിക്കും എന്‍റെ സഹപ്രവര്‍ത്തകര്‍ക്കും ഉണ്ട്. എഴുത്തില്‍ മിടുക്കന്മാരായ കുട്ടികൾ
പണ്ടു തന്നെ എളുപ്പം എഴുതാനുതകുന്നു എന്ന കാരണത്താൽ ഈ ലിപി സ്വീകരിച്ചിട്ടുമുണ്ട്.
കമ്പ്യൂട്ടറില്‍
ഇപ്പോൾ ഏതു ലിപിയും ഉപയോഗിക്കാമെന്നിരിക്കെ
ഗൌരവതരമായ ഇന്റര്‍നെറ്റ് എഴുത്തുകൂട്ടങ്ങളിൽ പോലും വ്യാപകമായി പഴയ ലിപി
ഉപയോഗിക്കുന്നതായി കാണാം . എഴുത്തിന്റെ അതേ ഭംഗി അച്ചടിയിലേക്കും
സന്നിവേശിപ്പിക്കാന്‍ സാധിക്കുന്നു എന്നതു കൊണ്ടു തന്നെയാണ് ഇത്.
അച്ചടിക്ക് വേണ്ടി
ലിപി പരിഷ്കരിച്ചപ്പോഴുള്ള ഈ പ്രതിസന്ധി
മലയാളത്തില്‍ മാത്രം ഉള്ളതൊന്നുമല്ല. ഇംഗ്ലീഷ് ഭാഷയിലും ടൈപ്പിങ്
സാങ്കേതികവിദ്യയുടെ ആവിര്‍ഭാവത്തോടെ
അതുവരെ എഴുതാൻ ഉപയോഗിച്ചിരുന്നതും, ഭാഷയുടെ സൌന്ദര്യം കുടിയിരിക്കുന്നതുമായ
Running letter writing,
അഥവാ Cursive writing എന്ന കൂട്ടെഴുത്ത് വലിയ പ്രശ്നങ്ങളുണ്ടാക്കി. അതേത്തുടര്‍ന്നാണ് Printscript
അല്ലെങ്കില്‍ Typeletter Script അതുമല്ലെങ്കില്‍ Blockletter Script (He writes
a letter എന്നതു അക്ഷരങ്ങൾ വേറെ വേറെ ആക്കി He
writes a letter എന്നെഴുതുന്ന രീതി) എന്ന അച്ചടിരീതിയിൽ എഴുതാനും തുടങ്ങിയത്. പക്ഷെ Cursive
writing എന്ന സുന്ദരമായ എഴുത്ത് കുട്ടികളിൽ നിന്നകന്നു പോകാതിരിക്കാൻ
വേണ്ടി ഇംഗ്ലീഷ് സംസാരിക്കുന്ന പല
നാടുകളിലും ഈ പുതിയ സ്ക്രിപ്റ്റ് പഠിച്ചതിനു ശേഷം Cursive writing/ Running letter writing വളരെയധികം പ്രാധാന്യത്തോടെ പഠിപ്പിക്കുകയും ചെയ്യുന്നു. പോളണ്ട്, ഇറ്റലി
പോലുള്ള മറ്റു ചില രാജ്യങ്ങളിലാകട്ടെ നേരിട്ട് Cursive writing തന്നെ പഠിപ്പിക്കുകയും
ചെയ്യുന്നുണ്ട്. പല ഇന്ത്യൻ വിദ്യാലയങ്ങളിലും ഇതിലേതെങ്കിലും ഒരു രീതി അനുവര്‍ത്തിക്കുന്നതായി
കാണാം. അങ്ങിനെ എഴുതിക്കുമ്പോൾ ഇരട്ടലിപിഭാരം ഏതെങ്കിലും ഒരു
വിദ്യര്‍ഥിക്ക് തോന്നിയാലും അതിന് അവിടെയും ഇവിടെയും ആര്‍ക്കും ഒരു
ചുക്കുമില്ല. ആക്ഷേപങ്ങള്‍
ഉന്നയിക്കുന്നതിനു പകരം കുട്ടികൾ പഴയ രീതിയില്‍ തന്നെ എഴുതുന്നു എന്ന
അഭിമാനിക്കുകയും ചെയ്യുന്നു. ഒരല്പമെങ്കിലും അഭിമാനം നമുക്കും വേണ്ടേ ഈ ശ്രേഷ്ഠമലയാളത്തോട് ?
മലയാളലിപിപരിഷ്കരണം
വേണ്ടി വന്നപ്പോൾ എഴുത്ത് പഴയ രീതിയിൽ തന്നെ നിലനിര്‍ത്തണമെന്നുള്ള സര്‍ക്കാർ
നയം ഒരല്പം വൈകിയാണെങ്കിലും ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നതു ഈ അഭിമാനത്തിന്‍റെ പുറത്തെങ്കിലും നാം സ്വീകരിക്കേണ്ടതാണ്.
ജി സുദേവ് കൃഷ്ണ ശര്‍മ്മൻ
സംസ്കൃതം അധ്യാപകൻ
കോഴിക്കോട്
isudev@gmail.com